ആലപ്പുഴ: ഭൂരഹിതരില്ലാത്ത കേരളം കെട്ടിപ്പടുക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും ജില്ലയിലെ 95 കുടുംബങ്ങൾക്ക് ഇന്ന് ആശ്വാസത്തിന്റെ ദിവസമാണെന്നും അവർ സ്വന്തം മണ്ണിന്റെ ഉടമകളായി മാറുന്ന സന്തോഷമാണ് ഓരോ മുഖങ്ങളിലും കാണാൻ കഴിയുതെന്നും മന്ത്രി പി. പ്രസാദ്. സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയില്‍ പട്ടയവിതരണം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ ആകെ 127 പട്ടയങ്ങളാണ് വിതരണത്തിന് തയാറാക്കിയത്. ഇതിൽ ആലപ്പുഴ, ചെങ്ങന്നൂർ നിയോജക മണ്ഡലങ്ങൾ ഒഴികെ മറ്റ് എല്ലാ മണ്ഡലങ്ങളിലും ഉൾപ്പെടുന്ന ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു.
ചടങ്ങില്‍ എംഎല്‍എമാരായ എച്ച്. സലാം, തോമസ് കെ. തോമസ് എന്നിവരും പട്ടയങ്ങൾ വിതരണം ചെയ്തു. അമ്പലപ്പുഴ- 13, ചേർത്തല-13, അരൂർ - നാല്, കുട്ടനാട് - 42, ഹരിപ്പാട് - നാല്, മാവേലിക്കര -19 എന്നിങ്ങനെ 95 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
സംസ്ഥാനത്ത് 10002 പേർ കൂടി ഭൂമിക്ക് അവകാശികളായെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ സംസ്ഥാന പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു പറഞ്ഞു.
2016-21 കാലയളവിൽ 1577 പട്ടയങ്ങളും 2021-24 കാലയളവിൽ 1247 പട്ടയങ്ങളും ജില്ലയിൽ വിതരണം ചെയ്തെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. എഡിഎം ആശ സി. ഏബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ കെ. കെ. ജയമ്മ തുടങ്ങിയവർ പങ്കെടുത്തു.